05:20am 18 July 2026
NEWS
32 ലക്ഷത്തിന്റെ ഹവാല പണവുമായി ട്രെയിനിലെത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍

23/01/2025  12:19 PM IST
nila
 32 ലക്ഷത്തിന്റെ ഹവാല പണവുമായി ട്രെയിനിലെത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍

കോട്ടയം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഹവാല പണം പിടിച്ചെടുത്തു. കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹവാല പണവുമായി ഒരാളെ പിടികൂടിയത്.  മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 32 ലക്ഷം രൂപയും പിടിച്ചെടുത്തു. മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനിലാണ് ശിവജി എത്തിയത്. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ട്രയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും എക്സൈസും ആർപിഎഫും സംയുക്തമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു. ഈ ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്.

ഇയാളുടെ ബാഗിനുള്ളിൽ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്തു എന്താണ് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് ഇത് തുറന്നു നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്കു കൊണ്ടു പോകുകയാണ് പണം എന്നാണ് ഇയാൾ അന്വേഷണ സംഘത്തോട് പറഞ്ഞത്. 

ഇന്ന് രാവിലെ ആദായനികുതി വകുപ്പ് അധികൃതർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. പിടിച്ചെടുത്ത പണം എസ്.ബി.ഐ അധികൃതർക്ക് കൈമാറി. നോട്ട് കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് അധികൃതർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പണം ഹാജരാക്കിയ ശേഷം ട്രഷറിയിൽ പണം അടച്ച് കാര്യങ്ങൾ തീർപ്പാക്കുമെന്നും റെയിൽവേ എസ്.ഐ റെജി പി.ജോസഫ് അറിയിച്ചു.

റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്സൈസ് ഇൻസെക്ടർ രാജേന്ദ്രൻ, എ.എസ്.ഐ റൂബി , ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ശരത്, ആർപിഎഫ് എഎസ്.ഐ റൂബി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img